മണിലാലിന്റെ സസ്യശാസ്ത്ര സംഭാവനകള്‍ കേരളം വേണ്ടവിധം വിലയിരുത്തിയിട്ടില്ല

മണിലാലിന്റെ സസ്യശാസ്ത്ര സംഭാവനകള്‍ കേരളം വേണ്ടവിധം വിലയിരുത്തിയിട്ടില്ല: സ്പീക്കര്‍

കോഴിക്കോട്: ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന പ്രാചീന ലാറ്റിന്‍ ഗ്രന്ഥം ഇംഗ്ലീഷിലും മലയാളത്തിലുമെത്തിച്ച കെ.എസ്. മണിലാലിന്റെ സസ്യശാസ്ത്ര സംഭാവനകള്‍ കേരളീയ സമൂഹം ഇനിയും വേണ്ടവിധം വിലിയിരുത്തിയിട്ടില്ലെന്ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പെണ്‍കൂട്ടായ്മയായ 'സമത' ഏര്‍പ്പെടുത്തിയ ജൈവജാഗ്രതാ പുരസ്‌കാരം ഡോ.മണിലാലിന് സമര്‍പ്പച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു സ്പീക്കര്‍.

കോഴിക്കോട് ജവഹര്‍ നഗറില്‍ ഡോ.മണിലാലിന്റെ വസതിയില്‍ വെച്ചായിരുന്നു പുരസ്‌കാര ദാനം. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സസ്യശാസ്ത്രജ്ഞന്‍ ഡോ.പി.വി.മധുസൂദനന്‍ ആദരപത്രം സമര്‍പ്പിച്ചു. ആദരപത്രവും 25,000 രൂപയും അടങ്ങിയതാണ്  അവാര്‍ഡ്.  

1678-1693 കാലത്ത് ഡച്ച് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ നിന്ന് 12 വോള്യങ്ങളായി പ്രസിദ്ധീകരിച്ച ഹോര്‍ത്തൂസ് മലബാറിക്കൂസ്, കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള അപൂര്‍വ്വ ഗ്രന്ഥമാണ്. കൊച്ചിയില്‍ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ഡ്രിക് ആഡ്രിയാന്‍ വാന്‍ റീഡ് ആണ്, അക്കാലത്തെ പ്രശസ്ത നാട്ടുവൈദ്യന്‍ ചേര്‍ത്തലയിലെ ഇട്ടി അച്യുതന്റെ സഹായത്തോടെ ഹോര്‍ത്തൂസ് തയ്യാറാക്കിയത്. മലയാള ലിപികള്‍ ആദ്യമായി അച്ചടിക്കപ്പെട്ട ഗ്രന്ഥമാണ് ഹോര്‍ത്തൂസ്.

എത്രയോ പണ്ഡിതന്‍മാര്‍ ആ ലാറ്റിന്‍ ഗ്രന്ഥം മനസിലാക്കിയെടുത്ത് പരിഭാഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കാലിക്കറ്റ് സര്‍വകാശാലയില്‍ ബോട്ടണി അധ്യാപകനായിരുന്ന ഡോ.മണിലാല്‍ തന്റെ ജീവിതത്തിന്റെ 50 വര്‍ഷം, ആ മഹാഗ്രന്ഥത്തെ മെരുക്കിയെടുക്കാന്‍ സമര്‍പ്പിച്ചു. 

അതിനായി പത്തുവര്‍ഷംകൊണ്ട് മണിലാല്‍ ലാറ്റിന്‍ പഠിച്ചു, വിദ്യാര്‍ഥിയായിരുന്ന സി.ആര്‍.സുരേഷിന്റെ സഹായത്തോടെ ഹോര്‍ത്തൂസില്‍ പ്രതിപാദിക്കുന്നതില്‍ ഒന്നൊഴികെ ബാക്കിയെല്ലാ സസ്യങ്ങളെയും ചെടികളെയും വീണ്ടും കണ്ടെത്തി, ആധുനിക സസ്യശാസ്ത്രപ്രകാരം പുനര്‍വ്യാഖ്യാനിച്ചു. മണിലാല്‍ തയ്യാറാക്കിയ വ്യാഖ്യാന സഹിതമുള്ള ഹോര്‍ത്തൂസിന്റെ ഇംഗ്ലീഷ് പതിപ്പ് 2003-ലും, മലയാളം പതിപ്പ് 2008-ലും കേരള സര്‍വകലാശാല പ്രസിദ്ധീകരിച്ചു. 

K S Manilal, Jiyvajagratha Puraskaram
'സമത'യുടെ ജൈവജാഗ്രതാ പുരസ്‌കാരം  ഡോ.കെ.എസ്. മണിലാലിന് സമ്മാനിച്ച ശേഷം, നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ സംസാരിക്കുന്നു. സമതയുടെ മാനേജിങ് ട്രസ്റ്റി പ്രൊഫ.ടി.എ.ഉഷാകുമാരി, മണിലാലിന്റെ പത്‌നി ജ്യോത്സ്‌ന, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവര്‍ സമീപം. 

കേരളചരിത്രത്തിന്റെ അപൂര്‍വ്വമായ ഏടാണ് തന്റെ സമര്‍പ്പിത പ്രയത്‌നത്തിലൂടെ ഡോ.മണിലാല്‍ മലയാളികള്‍ക്ക് വീണ്ടെടുത്ത് നല്‍കിയത്. 2012-ല്‍ ഡച്ച് സര്‍ക്കാര്‍  അവരുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ 'ഓഫീസര്‍ ഇന്‍ ദ ഓര്‍ഡര്‍ ഓഫ് ഓറഞ്ച്-നാസ്സൗ' നല്‍കി ഡോ.മണിലാലിനെ ആദരിച്ചെു. എങ്കിലും സ്വന്തം നാട്ടുകാര്‍ അദ്ദേഹത്തെ വേണ്ടവിധം മനസിലാക്കിയിട്ടില്ലെന്നാണ്, പുരസ്‌കാര ദാന ചടങ്ങില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ സൂചിപ്പിച്ചത്.

ചടങ്ങില്‍ പ്രശസ്ത ചരിത്രകാരന്‍ ഡോ.എം.ജി.എസ്.നാരായണന്‍, പരിസ്ഥിതി വിദഗ്ധന്‍ ഡോ.എ.അച്യുതന്‍, ഹൃദ്രോഗവിദഗ്ധന്‍ ഡോ.കെ. സുഗതന്‍, ഹോര്‍ത്തൂസ് ഗവേഷണത്തില്‍ മണിലാലിന് കീഴില്‍ ഡോക്ടറേറ്റ് നേടിയ സി.ആര്‍.സുരേഷ്, കാലിക്കറ്റ് സര്‍വകലാശാലയിലെ സസ്യശാസ്ത്രജ്ഞന്‍ ഡോ.എം.സാബു, ഡോ.മണിലാലിന്റെ വിദ്യാര്‍ഥിയായിരുന്ന ഡോ.പുഷ്പാദേവി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മറുപടി പ്രസംഗത്തില്‍ മണിലാല്‍ എല്ലാവര്‍ക്കുംകൃതജ്ഞത രേഖപ്പെടുത്തി. 

ചടങ്ങില്‍ സമത മാനേജിങ് ട്രസ്റ്റി പ്രൊഫ.ടി.എ.ഉഷാകുമാരി സ്വാഗതവും, സമത പ്രവര്‍ത്തകയും ശാസ്ത്രലേഖികയുമായ സീമ ശ്രീലയം നന്ദിയും പറഞ്ഞു. ഡോ.മണിലാലിന്റെ കുടുംബാംഗങ്ങളും വിദ്യാര്‍ഥികളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. പക്ഷാഘാതത്തെ തുടര്‍ന്ന് വിശ്രമത്തിലാണ് ഡോ. മണിലാല്‍. 



 

Public Last updated: 2019-01-27 03:08:11 PM